ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം വളരെയേറെ ചരിത്രപശ്ചാത്തലമൊന്നും പറയാനില്ലെങ്കിലും രാജഭരണകാലത്ത് വളരെയധികം തന്ത്രപ്രാധാന്യമുണ്ടായിരുന്ന പ്രദേശമായിരുന്നു ഇതെന്ന് പറയാം. രാജകീയശാസനത്തിന്റെ ഒരു ചെറിയകേന്ദ്രം വടക്കാഞ്ചേരിയില്‍ ഉണ്ടായിരുന്നതായി രേഖകള്‍ പറയുന്നു. ഇന്നത്തെ സര്‍ക്കാര്‍ ഹൈസ്ക്കൂളുകളും, താലൂക്കാഫീസും നില്ക്കുന്ന സ്ഥലങ്ങള്‍ അക്കാലത്ത് സൈനികതാവളമായിരുന്നു എന്നും ചില രേഖകളില്‍ കാണുന്നു. കൊള്ളക്കാരനായ ചൂണ്ടല്‍ നമ്പിയെ ഒതുക്കാന്‍ കോഴിക്കോട് സാമൂതിരിപ്പാടുമായി യോജിച്ച് സൈന്യം നീങ്ങിയത് ഇവിടെനിന്നാണെന്ന് പറയപ്പെടുന്നു. തിരുവാതിരപ്പാട്ടിന്റെ കര്‍ത്താവായ മച്ചാട്ട് ഇളയത് ജനിച്ചതും ഈ സ്ഥലത്തിനടുത്താണ്. കേളത്തച്ഛന്, സാമൂതിരിയുടെ പ്രധാനമന്ത്രിയായിരുന്ന മങ്ങാട്ടച്ഛന്, വൈദികശ്രേഷ്ഠന്മാരായിരുന്ന അവണപ്പറമ്പ് മനയ്ക്കല്‍ നമ്പൂതിരിമാര്‍ എന്നിവരുടെയൊക്കെ ജന്മദേശം ഈ പഞ്ചായത്തിലാണ്. അടിമത്തസമ്പ്രദായം നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇവിടം. വടക്കാഞ്ചേരിയില്‍ 120 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നൈറ്റ് സ്ക്കൂളാണ് ആദ്യമായി തുടങ്ങിയ വിദ്യാലയം. ഒരു സാധാരണ പ്രാഥമികവിദ്യാലയമായി ആരംഭിച്ച ഈ സ്ക്കൂള് കൊച്ചിരാജഭരണകാലത്ത് താലൂക്കില്‍ ആദ്യമായി സ്ഥാപിച്ച ഹൈസ്ക്കൂളുകളിലൊന്നായി മാറി. പ്രഗല്ഭരായ പല മഹാന്മാരും ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായിരുന്നു. ഇവിടെ പ്രിന്റിംഗ് ടെക്നോളജിയും പഠിപ്പിച്ചിരുന്നു. ആദ്യകാലത്ത് ഭൂരിഭാഗം ജനങ്ങളും നാട്ടുവൈദ്യത്തെയാണ് ആശ്രയിച്ചിരുന്നത്. നിരന്തരമായ ജനകീയാവശ്യങ്ങളെ മുന്‍നിര്‍ത്തി 1940-ല്‍ വടക്കാഞ്ചേരിയില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. മുന്‍കാലത്ത് 400 ഹെക്ടറോളം നെല്‍കൃഷി ഭൂമി ഉണ്ടായിരുന്നു. പൊതുവെ ഇരുപ്പൂനിലങ്ങളായിരുന്നു. മുന്‍കാലത്ത് കൃഷിയിനങ്ങളായ തവളക്കണ്ണന്‍, ചിറ്റേനി, കട്ടമോഡന്‍ തുടങ്ങിയ നാടന്‍ വിത്തുകളായിരുന്നു ഉപയോഗിച്ചിരുന്നത്. 1959-ല്‍ വാഴാനിഡാം നിര്‍മ്മിച്ചതോടെ വടക്കാഞ്ചേരിയിലെ ജലസേചനസൌകര്യം വര്‍ദ്ധിച്ചു. യന്ത്രവല്‍ക്കരണവും, പുതിയ വിത്തിനങ്ങളും പ്രയോഗത്തില്‍ വന്നതോടുകൂടി നെല്‍കൃഷിയില്‍ കുറച്ചുകൂടി പുരോഗമനം ഉണ്ടായി. നെല്ല്, തെങ്ങ്, കവുങ്ങ്, കശുമാവ് മുതലായവയായിരുന്നു പ്രധാനകൃഷികള്‍. പിന്നീട് കശുമാവിന്റെ സ്ഥാനം റബ്ബര്‍ ഏറ്റെടുത്തു. തിരു-കൊച്ചി സംയോജനത്തിനുശേഷം മലയോരകര്‍ഷകരുടെ കുടിയേറ്റം ഈ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമാവുകയുണ്ടായി. ഇത് മൊത്തത്തിലുള്ള കാര്‍ഷികാഭിവൃദ്ധിക്ക് കാരണമായി. കൃഷിക്ക് പ്രധാനമായും ജൈവവളങ്ങളാണ് അന്നൊക്കെ ഉപയോഗിച്ചിരുന്നത്. വിദ്യാഭ്യാസത്തില്‍ വളരെ പിന്നോക്കമായിരുന്നു. ഇപ്പോള്‍ കുറെയൊക്കെ സാക്ഷരത നേടി ഉയര്‍ന്നുവന്നിട്ടുണ്ട്. പില്ക്കാലത്ത് വാഴാനിറോഡും, വേലൂര്റോഡുകളും വന്നതോടെയാണ് ചില മാറ്റങ്ങള്‍ ഉണ്ടായത്. വിദ്യാഭ്യാസമേഖലയില്‍ പ്രൈമറി സ്ക്കൂളും ഹൈസ്ക്കൂളുകളും, ഒരുകോളേജും പഞ്ചായത്തിലുണ്ട്. കേരളവര്‍മ്മ ലൈബ്രറി സാംസ്കാരികമണ്ഡലത്തിന് വളരെയധികം സംഭാവന നല്കിയ സ്ഥാപനമാണ്. പ്രജാമണ്ഡലം നീലകണ്ഠയ്യര്‍ ആത്മാനന്ദതീര്ത്ഥനായി മാറിയതും സമാധിയായതും ഈ മണ്ണിലാണ്. വടക്കാഞ്ചേരിയുടെ ദേശീയഉത്സവമായ ഉത്രാളിക്കാവുത്സവവും, ക്രിസ്ത്യന്‍ പള്ളിപെരുന്നാളും, ചന്ദനക്കുടംനേര്ച്ചയും നാനാജാതി മതസ്ഥരും ഒരുമിച്ചുകൊണ്ടാടുന്നു. എങ്കക്കാട്, വടക്കാഞ്ചേരി, കുമാരനെല്ലൂര്‍ എന്നീ ദേശക്കാര്‍ മല്‍സരബുദ്ധ്യാ ആഘോഷിക്കുന്ന ഉത്രാളിക്കാവുപൂരം ജില്ലയിലെ ഒരു പ്രധാന ഉത്സവമാണ്. അധ:സ്ഥിതരുടെ അനുഷ്ഠാനകലകളായ തെയ്യവും, പൂതനും മറ്റും ഇവിടെ ഓര്‍മ്മകളായി മാറിക്കഴിഞ്ഞു. വടക്കാഞ്ചേരിപുഴയുടെ രണ്ടു ഭാഗങ്ങളേയും യോജിപ്പിക്കുന്ന ഒരു പാലമുണ്ടായിരുന്നെങ്കിലും വികസനകാര്യത്തിലും വരുമാനകാര്യത്തിലും പഞ്ചായത്ത് പിന്നിലായിരുന്നു. പില്ക്കാലത്ത് സ്ഥാപിക്കപ്പെട്ട ഷോപ്പിംഗ് കോംപ്ലക്സും പുതിയ ബസ്സ്റ്റാന്റും പുരോഗതിയ്ക്ക് മുതല്‍കുട്ടായി മാറുകയായിരുന്നു. 4 കമ്മ്യൂണിറ്റിഹാളുകളും ഒട്ടനേകം സാംസ്കാരികസമിതികളും വളര്‍ച്ചയുടെ ഉദാഹരണങ്ങളാണ്. പ്രത്യേകിച്ച് സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്ന ആലോചനചര്ച്ചാവേദി, സഹൃദയസമിതി എന്നിവയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. 1914-ല്‍ കൊച്ചിദിവാനായിരുന്ന ഷണ്മുഖം ചെട്ടി സ്ഥാപിച്ച താലൂക്കാശുപത്രി, വിഷവൈദ്യ ആശുപത്രി, സ്വകാര്യമേഖലയിലുള്ള ഡിവൈന്‍, ഡോക്ടേഴ്സ് മെഡിക്കല്‍ സെന്റര്‍, ഗംഗ മെഡിക്കല്‍ സെന്റര്‍ എന്നിവയൊക്കയാണ് ആതുരശുശ്രൂഷാരംഗത്ത് വടക്കാഞ്ചേരിയിലെ പ്രധാനസ്ഥാപനങ്ങള്‍. പഞ്ചായത്തിന്റെ വളര്‍ച്ചയില്‍ ഗള്ഫുമേഖലയുടെ സ്വാധീനവും നിര്‍ണ്ണായകമാണ്. പത്താംകല്ല് മുതല്‍ അകമലചുരം വരെ ഈ പഞ്ചായത്തിടെ കടന്നുപോകുന്ന സ്റ്റേറ്റ്ഹൈവേ ആണ് ആദ്യത്തെ ടാറിങ്ങ് റോഡ്. വടക്കാഞ്ചേരിയിലെ ഗതാഗതവികസനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കിയത് 1928-ല്‍ സ്ഥാപിതമായ വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനാണ്.